Friday, October 15, 2010

ഇത്തിരിത്തുമ്പി,സിദ്ധാര്‍ത്ഥ് രാജ്,


ഇത് സിദ്ധാര്‍ത്ഥ് രാജ്. . .ചങ്ങാതിയുടെ സ്വന്തം ഭാഷയില്‍ സിദ്ധാത്ത് രാച്ച്. . .കാണുന്നതുപോലെയല്ല,ആള് വല്യ വര്‍ത്താനക്കാരനാണ്. . .ഒരീസം ഞാന്‍ ക്ളാസിലൊരു ചോദ്യം ചോദിച്ചു. . . “എന്‍റെ ഒരു കയ്യില്‍ 2 മിഠായിയും മറ്റേ കയ്യില്‍ 1 മിഠായിയും ഉണ്ട്..ആകെ എത്ര മിഠായി. . .” “അയ്ന് ചീച്ചറെ കയ്യില് മുട്ടായി ഇല്ലല്ലോ. . .” സിദ്ധാര്‍ത്ഥിന്‍റെ സംശയം . . . “അങ്ങനെ വിചാരിച്ചാല്‍ മതിയെടാ. . .” “അയ്ന് ശരിക്കിനും ഇല്ലല്ലോ. . .” “വിചാരിച്ചാല്‍ മതീന്നു പറഞ്ഞീലേ. . .” “ന്നാല്‍ ചീച്ചറെ ഞാന്‍ ന്‍റെ ബാഗും കൊണ്ട് വീട്ടില്‍പോകാം. . .ഇങ്ങള് ഞാന്‍ ഇവിടെയുണ്ടെന്ന് വിചാരിച്ചാളീ. . .” ഞാന്‍ അന്തംവിട്ടു നിന്നുപോയി. . .എങ്ങനെയുണ്ട് പുള്ളി . . . സമ്മാനം വാങ്ങണംന്ന് വല്യ പൂതിയാണവന് . . .ഞങ്ങള്‍ വട്ടമെറിഞ്ഞുകളി തുടങ്ങും മുമ്പെ അവനെന്‍റെയടുത്തു വരും. . .ജയിച്ചാല്‍ ചോക്ക സമ്മാനം വേണംട്ടോന്ന് പറയും. . .കളിയിലവന്‍ തോറ്റാല്‍ സമ്മാനം അടുത്ത കളീല്‍ ജയിക്കണോല്‍ക്ക് മതീന്നും പറയും. . . ഒരിക്കല്‍ വീണുമുറിവ് പറ്റീട്ടവനെ ഞാന്‍ ആശുപത്രീല്‍ കൊണ്ടുപോയി. . . ഉഗ്രന്‍ സൂചിവെച്ചിട്ടും മൂപ്പര്‍ക്കൊരു കുലുക്കവുമില്ല. . . ഡോക്ടര്‍ മൂക്കത്തു വിരല്‍ വെച്ചു പോയി. . . കാര്യമെന്തായാലും നല്ല കൂര്‍മ്മബുദ്ധിയാണവന്. . .ഒപ്പം ഓമനത്തമുള്ളൊരു മുഖവുമുണ്ട് . . .ചിരിക്കുന്നതു കണ്ടാലേയ് വാരിയെടുത്തുമ്മവെക്കാന്‍ തോന്നും. . .ക്ലാസിലെ വീരനാണെന്നു ചുരക്കം. . .

Thursday, October 14, 2010

ഇത്തിരിത്തുമ്പി,അര്‍ഷദ്,.


ഇത് അര്‍ഷദ്. . .കിനാതുമ്പി. . .എപ്പോഴും സ്വപ്നലോകത്താണ്. . .കുഞ്ഞനുറുമ്പ് അട തിന്ന കഥ പറഞ്ഞുകൊടുക്കുമ്പോള്‍, കുഞ്ഞുവിരലുയര്‍ത്തി ഉറുമ്പിന്‍െറ പള്ള കാട്ടിത്തരാന്‍ പറഞ്ഞ വീരനാണ്. . .ക്ലാസുമുഴുവന്‍ പാഞ്ഞുനടക്കുന്നതിനിടക്ക് ചൂണ്ടുവിരല്‍ ചുണ്ടില്‍ തൊട്ട് ഒരു നില്‍പ്പാണവന്‍. . .ഉറപ്പാണ്,അടുത്തനിമിഷം അവിടുന്നൊരു കുണ്ടാമണ്ടി ചോദ്യം വരും. . .പല ഗമണ്ടന്‍ ചോദ്യങ്ങള്‍ക്കും ഗൂഗിള്‍ തന്നെ ശരണം. . .ഞാന്‍ കഷ്ട്ടപ്പെട്ട് ഉരുട്ടിയെഴുതിയതിലേക്ക് ചങ്ങാതിയൊന്നുനോക്കുകപോലുമില്ല. . .ഇവിടെവന്നു വായിക്കെടായെന്ന് ഒച്ചയിടുമ്പോള്‍ കൂസലില്ലാതെയൊരുവരവാണ്. . .എന്നിട്ട് മണിമണിയായങ്ങ് വായിക്കും. . .എന്‍െറ ദേഷ്യം തണുത്തുതണുത്തങ്ങു പോകും. . .അവന്‍ പുഴുപ്പല്ലുംകാട്ടിച്ചിരിച്ച് സ്വപ്നലോകത്തേക്കും. . .

Wednesday, October 6, 2010

ഇത്തിരിത്തുമ്പികളിതായിവിടെ. . .


ഒന്നു ബീയിലെ ഓരോ കുഞ്ഞും ഓരോ ഇത്തിരിത്തുമ്പിയാണ്. . . എപ്പോഴും പാറിപ്പാറി നടക്കും. . . കുസൃതികളൊപ്പിക്കും. . . കൂട്ടുകൂടും. . . അറിവിന് ലോകത്തിലേക്കൂളിയിടും. . .ഉള്ളുനനഞ്ഞുചിരിക്കും. . .നൂറുവട്ടം കെറുവിക്കും. . . കളംകമില്ലാതെ സ്നേഹിക്കും. . .
ആ ഇഷ്ടങ്ങളെയോരോന്നിനെയും തൊട്ടുനോക്കാമിവിടെ. . .

Thursday, September 2, 2010

വെള്ളാരംകല്ലുകള്‍. . .


"ടീച്ചറേ... ടീച്ചറേ...ന്‍റെ പൊക്ലെയ്നു മേലെക്കുടെ മഴ പെയ്യണത് കണ്ടാ...
ഞാന്‍ ഇഞ്ഞീംപെയ്യിക്കും..ഞ്ഞീം...ഞ്ഞീം..." അര്‍ഷദ് പുഴുപ്പല്ലുകാട്ടി ചിരിച്ചു.
അവന്‍റെ നോട്ടുബുക്കില്‍ നീലക്രയോണ്‍ പെയ്തുപെയ്തു പൊക്ലെയ്ന്‍ കാണാതായി.വെളളം...വെള്ളം മാത്രം...കടല്‍ ഗ്രൂപ്പില്‍ നിന്നതു ക്ലാസുമുഴുവന്‍ പരന്നു. . . പിന്നെ വീട്,കാറ്,മരം,പൂവ്...എല്ലാത്തിലും മഴ തിമിര്‍ത്തു..ഫായിസന്‍റെ തത്തമ്മേം സനന്‍റെ പൂമ്പാറ്റേം ബോര്‍ഡിനുമുകളില്‍ കയറിയിരുന്നു. . .ബേഗും ബെഞ്ചും മുങ്ങിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ കടലാസുതോണിയുണ്ടാക്കി...കുഞ്ഞുടുപ്പും നിക്കറും നനഞ്ഞുതുടങ്ങിയപ്പോള്‍ ഞങ്ങള്‍ തോണിയില്‍ കയറിയിരുന്നു...ഒരിക്കലും ബട്ടണിടാത്ത കുപ്പായമൂരി തലയില്‍ കെട്ടി ജസീല്‍ മുന്നെത്തുഴഞ്ഞു...അങ്ങനെ,ഒന്നുബീയുടെ വാതില്‍ കടന്ന് സ്കൂള്‍ ഗെയ്റ്റു കടന്ന്...കിനാപ്പുഴയുടെ ആഴത്തിലേക്കു ഞങ്ങള്‍ ഒഴുകിയൊഴുകി നീങ്ങി. . . തിത്തിത്താരാ തിത്തിത്തൈ . . . ഓരോ ചിത്രങ്ങളും ഓരോ കഥകളും ഞങ്ങള്‍ ഒന്നുബീകാര്‍ക്ക് സ്വപ്നത്തിലേകുള്ള വഴികളാണ്.നിലാവത്തൂളിയിടാനും പൂഴിക്കുള്ളിലുരുണ്ടു കളിക്കാനും മാന്ത്രികമരത്തേല്‍ കയറാനും ഞങ്ങളൊരുമിച്ചാണു പഠിച്ചത്. . . ഒന്നാംക്ലാസ് കണ്ണില്‍ നിലാവു പാത്തുവെച്ച വെള്ളാരംകല്ലുകളുടെ ലോകമാണ്. . . സ്കൂള്‍ ഗെയ്റ്റുകടക്കുമ്പോഴേക്കും അവരോടിയെത്തും,വിരലില്‍ തൂങ്ങും,പുത്തനുടുപ്പ് മണപ്പിക്കും,ചേച്ചി കാണാതെ പറിച്ചെടുത്ത റോസാപ്പൂ മുടിയില്‍ ചൂടിത്തരും,കുഞ്ഞുവഴക്കുകള്‍ക്കൊടുവില്‍ ചേര്‍ത്തുനിര്‍ത്തുമ്പോള്‍ കണ്ണുതുടച്ചുചിരിക്കും. . .
ആ സന്തോഷങ്ങളുടെ ലോകത്തിലേക്ക്, ഞങ്ങള്‍ ഒന്ന്ബീയുടെ കൂട്ടത്തിലേക്ക്, ഉള്ളിലൊരൊന്നാം ക്ലാസുകാരനെ(കാരിയെ) ചേര്‍ത്തുവെക്കുന്ന എല്ലാര്‍ക്കും സ്വാഗതം. . . സസ്നേഹം. . .